ചരിത്രം

ഭരണചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം

ടിപ്പു സുല്‍ത്താന്‍ മലബാര്‍ പടയോട്ടക്കാലത്ത് കോഴിക്കോടിനും പാലക്കാടിനും ഇടയ്ക്കുള്ള തന്റെ പ്രദേശങ്ങളുടെ മേല്‍നോട്ടത്തിന് ഒരു കോട്ട പണിയാന്‍ തെരഞ്ഞെടുത്ത സ്ഥലം ഫറോക്കായിരുന്നു. കോട്ടക്കുന്നും, കോട്ടപ്പാടവും ജീവഹാനിപ്പറമ്പും, ചെനപ്പറമ്പുമെല്ലാം ടിപ്പുവിന്റെ ഫറോക്കുമായുള്ള ബന്ധത്തിന്റെ സൂചനകളാണ്. മംഗലാപുരം സന്ധിയനുസരിച്ചാണ് ഈ സ്ഥലം ബ്രീട്ടിഷുകാരുടെ കൈവശം വന്നു ചേര്‍ന്നത്. റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറുവശം സ്ഥിതി ചെയ്യുന്ന ചെനപ്പറമ്പില്‍ ഇപ്പോള്‍ കാണാവുന്ന ശവക്കല്ലറകള്‍ മഹാശിലായുഗ (ബി.സി.4000 മുതല്‍) ത്തോളം പഴക്കമുള്ള സംസ്ക്കാരം ഈ നാടിനുണ്ടെന്ന് സൂചിപ്പിക്കുന്നു. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ നവോത്ഥാനത്തിന്റെ സന്ദേശമെത്തിക്കുന്ന കൂട്ടത്തില്‍ ഫറോക്കില്‍ 1940-കളില്‍ നടന്ന മിശ്രഭോജനം എടുത്തുപറയത്തക്കതാണ്. മദ്യവര്‍ജ്ജനപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന കള്ളുഷാപ്പ് പിക്കറ്റിംഗ് ഫറോക്കിന്റെ വിവിധഭാഗങ്ങളില്‍ നടക്കുകയുണ്ടായി. ഫറോക്കിലെ ഭൂമിയുടെ ഭൂരിഭാഗവും നല്ലൂര്‍ ദേവസ്വം വകയായിരുന്നു. കോട്ടക്കല്‍ കിഴക്കെ കോവിലകം, പടിഞ്ഞാറെ കോവിലകം, തിരുവണ്ണൂര്‍ കോവിലകം  തുടങ്ങിയ കോവിലകങ്ങള്‍ക്കും ഏതാനും നമ്പൂതിരി കൂടുംബങ്ങള്‍ക്കും മറ്റും അവകാശപ്പെട്ടിരുന്ന ഭൂസ്വത്തുകള്‍ കാലാന്തരത്തില്‍ ഭൂരിഭാഗവും ഫറോക്കിലെ പൂതേരി കുടുംബത്തില്‍ നിക്ഷിപ്തമായി. ഈ പഞ്ചായത്തിലെ പെരുന്തൊടി തൂമ്പന്‍, പട്ടാഞ്ചരി (കളത്തില്‍) കൃഷ്ണന്‍, ചമ്മിനി വാസു തുടങ്ങിയവര്‍ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടവരില്‍ ചിലരാണ്. കീഴരിയൂര്‍ ബോംബുകേസിന്റെ ഗുഢാലോചന നടന്നത് കൊയിലാണ്ടിയിലെ കീഴരിയൂരായിരുന്നുവെങ്കിലും ബോംബ് പ്രയോഗിച്ചത് ഫറോക്ക് റെയില്‍ പാലത്തിലായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന ഈ സംഭവത്തില്‍ ഡോ.കെ.ബി.മേനോന്‍, എന്‍.പി.അബു, ടി.പി.കുഞ്ഞിരാമക്കിടാവ് എന്നിവര്‍ക്കൊപ്പം ഫറോക്കിലെ കെ.ടി.അലവിയും ഉള്‍പ്പെട്ടിരുന്നു. 1911-ല്‍ ബാസല്‍മിഷനറിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച ബാസല്‍ മിഷന്‍ കമ്പനിയുടെ പ്രവര്‍ത്തനഫലമായി ഓടു വ്യവസായത്തിന് പ്രസിദ്ധമായി തീര്‍ന്ന സ്ഥലമാണ്  ഫാറോക്ക്. ഫറോക്ക് റെയില്‍വേ സ്റ്റേഷന്റെ ആവിര്‍ഭാവത്തോടുകൂടി വളര്‍ച്ച പ്രാപിച്ച ഫറോക്ക് അങ്ങാടി അമ്പതുകളുടെ അവസാനത്തോടെ നവീനവല്‍ക്കരിച്ചതില്‍ പി.കെ.കൃഷ്ണമേനോന്‍ (പൂതേരി) വഹിച്ച പങ്ക്  സ്മരണീയമാണ്.

ഗതാഗത ചരിത്രം

ഫറോക്ക് പഞ്ചായത്തിലെ ഗതാഗതസൌകര്യങ്ങളില്‍ റെയില്‍, റോഡ് എന്നീ സൌകര്യങ്ങള്‍ തുല്യപ്രധാന്യം വഹിക്കുന്നു. സതേണ്‍ റെയില്‍വേയുടെ ഷൊര്‍ണ്ണൂര്‍-മംഗലാപുരം പാത ഫറോക്ക് പഞ്ചായത്തില്‍ കൂടി തെക്കുവടക്കായി 2.504 കിലോമീറ്റര്‍ നീളത്തില്‍ കടന്നുപോകുന്നു. സ്ഥാപിത വര്‍ഷത്തിന് വ്യക്തമായ രേഖകള്‍ ലഭ്യമല്ലെങ്കിലും ഫറോക്ക് റെയില്‍വേസ്റ്റേഷന് ഒന്നര നുറ്റാണ്ടോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. കുറച്ചു  വര്‍ഷം മുമ്പു വരെ റെയില്‍ മാര്‍ഗ്ഗം വന്നു ചേരുന്ന മരങ്ങളും ഭാരമേറിയ മറ്റു സാധനങ്ങളും ക്രെയിന്‍ വഴി ചാലിയാറില്‍ ഇറക്കി ജലമാര്‍ഗ്ഗം വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിന് സൌകര്യമുണ്ടായിരുന്നു. ഏതാണ്ട് 1973 വരെ ചാലിയാര്‍ പുഴയിലൂടെ ബോട്ട് സര്‍വ്വീസ് ഉണ്ടായിരുന്നു. ആ കാലഘട്ടങ്ങളില്‍ വാഴയൂര്‍, ആക്കോട്, വാഴക്കാട് തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ ഫറോക്ക് വാഴക്കാട് ബോട്ട് സര്‍വ്വീസ് ആയിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്. ക്രമേണ ബസ്സര്‍വ്വീസുകള്‍ നിലവില്‍ വന്നതോടു കൂടി ജലഗതാഗതം നിന്നു പോകുകയാണുണ്ടായത്. നാഷണല്‍ ഹൈവേയുടെ 3 കി.മീ നീളം വരുന്ന റോഡും പൊതുമരാമത്ത് വകുപ്പിന്റെ 10 കി.മീ റോഡും ഫറോക്ക് പഞ്ചായത്തില്‍കൂടി കടന്നുപോകുന്നു. നല്ലൂര്‍ ശിവക്ഷേത്രത്തിന്നടുത്തുണ്ടായിരുന്ന ഒരു കോവിലകത്തേക്ക് കുതിരവണ്ടി പോകാന്‍ വെട്ടിയുണ്ടാക്കിയ വഴിയാണ് ഇന്ന് ഏറ്റവും തിരക്കുള്ള ഫറോക്ക്-മണ്ണൂര്‍-കടലൂണ്ടി റോഡ്. വളരെക്കാലം മുമ്പു വരെ കോവിലകം റോഡ് എന്ന പേരിലാണ് ഈ റോഡ് അറിയപ്പെട്ടിരുന്നത്.

വിദ്യാഭ്യാസ ചരിത്രം

പഴയ തെക്കേ മലബാറില്‍ വിദ്യാഭ്യാസരംഗത്ത് മുന്നിട്ടുനിന്ന പ്രദേശമായിരുന്നു ഇത്. സംസ്കൃതപണ്ഡിതര്‍ സവര്‍ണ്ണവിഭാഗങ്ങളിലെ കുട്ടികളെ വേദങ്ങളും ഉപനിഷത്തുകളും പഠിപ്പിക്കുന്ന സംവിധാനം നിലനിന്നിരുന്നു. അതുപോലെ നാട്ടാശാന്മാര്‍ എഴുത്തുപള്ളിക്കൂടങ്ങളും നടത്തിയിരുന്നു. ഇത്തരം എഴുത്തു പള്ളിക്കൂടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നവരില്‍ മണ്‍മറഞ്ഞുപോയ തിരുമലമ്മല്‍ കളരിക്കല്‍ കേശവപണിക്കര്‍, വേലു പെരുവണ്ണാന്‍, ചക്കുട്ടിപെരുവണ്ണാന്‍ എന്നിവര്‍ സ്മരണീയരാണ്. 1906-ല്‍ ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ (ബി.ഇ.എം) സ്ഥാപിച്ച ഹയര്‍ എലിമെന്ററി സ്കൂളാണ് ഫറോക്കിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയം. അക്കാലത്ത് അവര്‍ണ്ണ-സവര്‍ണ്ണ ഭേദമെന്യേ പ്രവേശനം നല്‍കിയ ഈ വിദ്യാലയം ഇന്നും നല്ല നിലവാരം പുലര്‍ത്തുന്നു. 1914-ല്‍ പരേതനായ കുഞ്ഞിരാമ മാരാര്‍ സ്ഥാപിച്ച് പിന്നീട് സര്‍വ്വോത്തമറാവുവിന് കൈമാറിയ വിദ്യാലയമാണ് ഇന്നത്തെ ജി.ജി.യു.പി.സ്കൂള്‍. അദ്ദേഹം ഇത് 1972-ല്‍ സര്‍ക്കാരിനെ ഏല്‍പ്പിച്ചു. ഹരിജന്‍ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് അവരുടെ ഇടയിലുള്ള ഒരു സമുദായിക പരിഷ്കര്‍ത്താവായ ചൂലന്‍ കൃഷ്ണന്‍ 1920-ല്‍ കുണ്ടേടത്തില്‍ ഒരു വീടിന്റെ വരാന്തയില്‍ 10 കുട്ടികളെ പഠിപ്പിക്കാന്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. ജാതീയത കൊടികുത്തിവാണിരുന്ന അക്കാലത്ത് ഇങ്ങനെ പള്ളിക്കൂടം സ്ഥാപിച്ചു എന്നറിഞ്ഞതോടെ കടലുണ്ടി, മണ്ണാര്‍, ബേപ്പൂര്‍, കരിങ്കല്ലായ്, നല്ലളം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും കുട്ടികള്‍ ഇവിടെയെത്തി പഠനം നടത്തിയിരുന്നു. പിന്നീട് പൂതേരി രാവുണ്ണിനായര്‍ നല്‍കിയ സ്ഥലത്ത്  ഷെഡ് കെട്ടി സ്കൂള്‍ പ്രവര്‍ത്തിച്ചു. ആദിദ്രാവിഡ സ്കൂള്‍ എന്ന പേരില്‍ ഈ സ്ഥാപനം അറിയപ്പെടാന്‍ തുടങ്ങി. 1925-ല്‍ ഇത് ലേബര്‍ സ്കൂള്‍  ആയി മാറി. അക്കാലത്ത് ഭക്ഷണം, വസ്ത്രം, പുസ്തകം എന്നിവ സൌജന്യമായി നല്‍കിയിരുന്നു. 1952-ല്‍ ഹരിജന്‍ വെല്‍ഫെയര്‍ സ്കൂളായും, 1964-ല്‍ ഗവ.വെല്‍ഫെയര്‍ എല്‍.പി.സ്കൂളായും പരിണമിച്ചു.

സാംസ്ക്കാരിക ചരിത്രം

ജനങ്ങളധികവും ഹിന്ദുക്കളും, മുസ്ലീങ്ങളുമാണ്. ഏതാനും ചില ക്രിസ്ത്യന്‍ കുടുംബങ്ങളുമുണ്ടിവിടെ. ജനങ്ങളുടെ ഇടയില്‍ പണ്ടു കാലം തൊട്ടേ മതസൌഹാര്‍ദ്ദം നിലനില്‍ക്കുന്നു. പുരാതനമായ നല്ലൂര്‍ ശിവക്ഷേത്രം, നാനാജാതിമതസ്ഥരെ ആകര്‍ഷിക്കുന്ന രീതിയില്‍ ഉത്സവം നടത്തിവരാറുള്ള പള്ളിത്തറ ശ്രീകുറുമ്പാ ഭഗവതിക്ഷേത്രം, പൂര്‍വ്വീകമായ കരുവന്‍തിരുത്തി ജാറം, പേട്ടയിലെ പള്ളിയും, ജാറവും എന്നീ ആരാധനാലയങ്ങള്‍ സാംസ്കാരികത്തനിമയുടെ അടിത്തറകളാണ്. പണ്ടുകാലം മുതല്‍ക്കു തന്നെ ഫറോക്കിന്റെ വിവിധ ഭാഗങ്ങളില്‍ രൂപംകൊണ്ട കളിസംഘങ്ങള്‍, പൊറാട്ടു നാടകം, കോല്‍ക്കളി, കുതിരകളി, നരികളി, തെയ്യം തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. വിവാഹങ്ങള്‍ക്കും മറ്റാഘോഷങ്ങള്‍ക്കും ഉപയോഗിച്ചു വന്നിരുന്ന നാദസ്വരവാദ്യം കൈകാര്യം ചെയ്തിരുന്ന കലാകാരന്മാരുടെ ഏതാനും ട്രൂപ്പുകളും ഫറോക്കിലുണ്ടായിരുന്നു. നാദസ്വരവാദ്യത്തില്‍ രത്നാകരനും, തായമ്പക വിദഗ്ദ്ധനായ അച്ചൂട്ടിയും കോല്‍ക്കളിയില്‍ അഖിലേന്ത്യാതലത്തില്‍ അവാര്‍ഡ് നേടിയ ഇമ്പിച്ചിക്കോയ കുരിക്കളും ഫറോക്കിലെ സ്മരണീയരായ പ്രതിഭകളാണ്.